കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് പയ്യോളി സ്വദേശി റസാഖ് (52) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 800 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.
ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് (IX 344) റസാഖ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാൻ വന്ന സുഹൃത്തുക്കളോടൊപ്പം
കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് പിടിയിലാകുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.