ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാർഡിയോളിസ്റ്റ് ഡോക്ടർ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. നാല് ദിവസം കൂടി താരം ആശുപത്രിയിൽ കഴിയുമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രജനികാന്തിന്റെ ആശുപത്രിവാസം ആരാധകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് താരത്തിന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ആരാധകരെ നിരാശയിലാക്കിയത്.
നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.