നിയമസഭ പ്രക്ഷുബ്ധം; സ്പീക്കർക്കെതിരെ പ്രതിപക്ഷം; പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ

നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മറുപടി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധം. സർക്കാരും പ്രതിപക്ഷവും സഭയിൽ കനത്ത വാ​ഗ്വാദം നടത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ അംഗങ്ങൾ രം​ഗത്തെത്തി. സ്പീക്കർ എഎൻ ഷംസീറിനെയും പ്രതിപക്ഷം വിമർശിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യത്തര വേളയിൽ മറുപടി മുഖ്യമന്ത്രി തുടർന്നു.ചോദ്യങ്ങൾ എന്തിനു മുക്കി സ്പീക്കറേ എന്ന് പ്രതിപക്ഷ മുദ്രാവാക്യം ഉയർത്തി. മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം ഉയർന്നു. പി.വി ക്ക് എന്തിന് പി.ആർ ഏജൻസി എന്ന് പ്ലക്കാർഡുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകാറുണ്ടെന്നും സർക്കാരിന് ഒന്നും മറച്ചുവയ്ക്കാൻ ഇല്ല മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ ആക്ഷേപിക്കാൻ വേണ്ടിയാണ് ഈ പ്രശ്നം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന് ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം ഇട്ടതെന്നോ ഇല്ലാത്തതെന്നോ വ്യത്യാസം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നക്ഷത്ര ചിഹ്നംഇടാത്ത ചോദ്യങ്ങൾക്ക് പിന്നീട് വിവരം ശേഖരിച്ച് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ക്ഷുഭിതനായി. അംഗങ്ങളെ ഇരുത്തിച്ചാൽ മാത്രം മൈക്ക് തരാമെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ പറഞ്ഞു. ഭീഷണി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. ചോദ്യോത്തരം പോലും നടത്താൻ സമ്മതിക്കാത്തത് നല്ലതല്ല എന്ന് സ്പീക്കർ പറഞ്ഞു.

ആരാണ് നേതാവ് എന്ന് സ്പീക്കർ ചോദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌ സഭയിൽ‌ ആരോപിച്ചു. സർക്കാരിന്റെ താൽപര്യം സംരക്ഷിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് അങ്ങ് ആ ചോദ്യം ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ചത് സ്പീക്കറുടെ അപക്വതയാണെന്നും സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്നും വിഡി സതീശൻ‌ പറഞ്ഞു. പിന്നാലെ ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു. മറുപടി കേൾക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന് എം ബി രാജേഷ് ആരോപിച്ചു. ചെയറിനെതിരെ പ്രതിപക്ഷം അധിക്ഷേപങ്ങൾ തുടർച്ചയായി നടത്തുന്നു. ചരിത്രത്തിൽ ഇതുവരെ ഒരു പ്രതിപക്ഷ നേതാവും ഇതുപോലെ അപമാനിച്ചിട്ടുണ്ടാകില്ലെന്നും അപക്വമായ രീതിയാണെന്നും ഭരണപക്ഷം ആരോപിച്ചു.

സഭയുടെ ചരിത്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ലാത്ത അധിക്ഷേപവാക്കുകളാണ് സ്പീക്കറെ കുറിച്ച് പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താൻ എന്ന് തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ അവജ്ഞയോടെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ‌ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp