ആറ് മാസത്തിനിടെ ചൈനയിലേക്ക് കടത്തിയത് അരലക്ഷം കോടി രൂപ; നിരവധി കമ്പനികൾക്കെതിരെ ഇഡി അന്വേഷണം

അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയിൽ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി കമ്പനികൾ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇതിൽ ലക്ഷ്വറി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഗാഡ്ജെറ്റ്സ് എന്നിവ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കമ്പനികളുണ്ടെന്നാണ് വിവരം.ഈ പ്രവർത്തനത്തിലൂടെ കമ്പനികൾ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. ഇറക്കുമതി ചെയ്ത സാധനത്തിൻ്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കണക്കിൽപെടാത്ത ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ തുക പണമായി ചൈനീസ് കമ്പനികൾക്ക് നൽകി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം. ഇഡിയുടെ അന്വേഷണത്തിൽ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നുണ്ട്.കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം അരലക്ഷം കോടി ഹവാല ഇടപാട് വഴി ചൈനയിലേക്ക് പോയി. കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ക്രിപ്റ്റോ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. നിരവധി ഇടപാടുകൾ ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നടത്തിയത് കൊണ്ടാണിത്. അതേസമയം അനധികൃത സാമ്പത്തിക ഇടപാടുകൾ കുറയ്ക്കാനും രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടിയുള്ള പരിശ്രമത്തിൻ്റെ കൂടി ഭാഗമായുള്ളതാണ് അന്വേഷണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp