നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് അതിജീവിതയുടെ ഹർജി തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. റിപ്പോർട്ട് പരി​ഗണിക്കരുതെന്നും പലരെയും സഹായിക്കുന്നതിനായി തയാറാക്കിയതാണ് റിപ്പോർട്ടെന്നുമായിരുന്നു അതിജീവിതയുടെ വാദം.കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം.സിം​ഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. അപ്പീൽ നൽകി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയാവുന്നതാണ്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp