വയനാട്ടിൽ പോരാട്ടച്ചൂട്; പ്രിയങ്ക ഗാന്ധിക്കായി സോണിയ പ്രചാരണത്തിനെത്തും

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും.സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക വയനാട്ടിൽ എത്തുക. ഒപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.

അതേസമയം, എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ തെരഞ്ഞെടുപ്പ് കളം ഉണർന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. നിലമ്പൂർ മണ്ഡലത്തിലാണ് ഇന്ന് സത്യൻ മൊകേരി വോട്ടർമാരെ കാണുന്നത്. വയനാട്ടിൽ ഇക്കുറി ചരിത്രം മാറുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപിയുടെ നവ്യ ഹരിദാസും നാളെ വയനാട്ടിലെത്തും. യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് അടിവരയിടുന്ന വയനാട്ടിൽ വോട്ടുവിഹിതം വർദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസവും നവ്യ പങ്കുവെച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp