ടി വി പ്രശാന്തനെതിരായ പരാതി; പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിൻസിപ്പൽ നൽകിയത് പ്രശാന്തൻ പരിയാരത്തെ ജീവനക്കാരൻ എന്ന പ്രാഥമിക റിപ്പോർട്ട് മാത്രമാണ്.ടി വി പ്രശാന്താൻ പമ്പ് തുടങ്ങാനോ, വ്യാപാര സ്ഥാപനം ആരംഭിക്കാനോ അനുമതി തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അനുമതി തേടിയിട്ടില്ല എങ്കിൽ നടപടി ഉണ്ടായേക്കും. അന്വേഷണം റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാരിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്യും. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനാണ് ടി വി പ്രശാന്തൻ.2019ൽ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമ്പോൾ പ്രശാന്തൻ അവിടെ ജീവനക്കാരനായിരുന്നു. പ്രശാന്തൻ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയാണ് എഡിഎം കെ നവീൻ ബാബുവിന്റെ മരണം ഉണ്ടായത്. അതേസമയം കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp