കെഎസ്ആർടിസിയിൽ അഞ്ഞൂറോളം ഒഴിവുകളിലേക്ക് താൽകാലിക നിയമനം; ചെയ്യേണ്ടത്..

കൊച്ചി: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്‍റ് ഡിപ്പോ എൻജിനിയർ തുടങ്ങിയ തസ്തികകളിൽ അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് നിയമനം. ശബരിമല മണ്ഡല മകര വിളക്ക് സ്പെഷ്യൽ സർവീസ്, ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് ജില്ല അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിലാണ് നിയമനം നൽകുക.

പുതിയ ഒഴിവുകളിലേക്കുള്ള നിയമനത്തിൽ പി എസ് സിയുടെ കരട് റാങ്ക് പട്ടികയിലുള്ളവർക്ക് മുൻഗണന ലഭിക്കും. കെഎസ്ആർടിസി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ മാതൃകയ്ക്ക് അനുസരിച്ച് വേണം ജോലിയ്ക്ക് അപേക്ഷിക്കാൻ. അപേക്ഷയോടൊപ്പം തന്നെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ ഉൾപ്പെടെ ഒക്ടോബർ 25 വൈകീട്ട് 5 മണിയ്ക്ക് മുന്നേ അപേക്ഷ നൽകണം.

ഡ്രൈവറുടെ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയവും ആവശ്യമാണ്. 25നും 55നും ഇടയിലായിരിക്കണം പ്രായം. യോഗ്യരായവരുടെ പട്ടിക തയ്യാറാക്കി ഒഴിവ് കണക്കാക്കി ബദലി അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെട്ടാൽ കരാർ ഒപ്പിട്ട് 10,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.ഓട്ടോ / ഇലക്‌ട്രിക്കൽ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഡീസൽ മെക്കാനിക്, എം എം വി, ഓട്ടോ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐടിഐ വിജയിച്ചവരായിരിക്കണം. എൽ എം വി / ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ / സർക്കാർ സ്ഥാപനത്തിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 45 വയസ്സ് കവിയരുത്. എട്ടുമണിക്കൂർ ജോലിക്ക് 715 രൂപയാണ് ശമ്പളം.

അസിസ്റ്റന്‍റ് ഡിപ്പോ എൻജിനിയർ വിഭാഗത്തിലേക്ക് ഒരു വർഷ കാലാവധിയിൽ 25 ഒഴിവുകളാണുള്ളത്. ദിവസവേതനം 1200 രൂപ അടിസ്ഥാനത്തിൽ മാസം പരമാവധി 35,000 രൂപ ലഭിക്കും. ഓട്ടോമൊബൈൽ / മെക്കാനിക്കൽ /മെക്കാനിക്കൽ ഓട്ടോമൊബൈൽ ബി ടെക്, എൽ എം വി/ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ് തന്നെയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp