കോളേജ് ടൂറെന്ന പേരിൽ ഗ്രീഷ്മ ഷാരോണിനൊപ്പം റിസോർട്ടിൽ താമസിച്ചു? സ്ഥലത്തെത്തിച്ച് തെളിവെടുക്കും; വീട്ടില്‍ നടന്നതെല്ലാം വിവരിച്ച് ഗ്രീഷ്മ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധത്തില്‍ അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇന്ന് തെളിവെടുപ്പ് നടക്കും. ഷാരോണിന്‍റെ വീട്ടില്‍ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. ഇന്ന് ഗ്രീഷ്മയുമായി അവിടെയെത്തിയും തെളിവ് ശേഖരിക്കും. കേസിലെ പുതിയ വെളിപ്പെടുത്തലുകളും വിശദാംശങ്ങളും അറിയാം.

കഷായത്തിൽ വിഷം കലർത്തിവെച്ചു

ഇന്നലെ ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു.

​രംഗങ്ങൾ പുനരാവിഷ്കരിച്ച് ഗ്രീഷ്മ

സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്‍റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. വീടിനുള്ളില്‍ നടന്ന തെളിവെടുപ്പ് പോലീസ് സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

​തെളിവുകൾ കണ്ടെടുത്തു

കഷായം ഉണ്ടാക്കിയ പാത്രവും അത് പകര്‍ന്നുനല്‍കാന്‍ ഉപയോഗിച്ച ഗ്ലാസും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും ഇവിടെ നിന്ന് കിട്ടി. ഈ പൊടിയാണോ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ. അലമാരയില്‍ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയില്‍ ജയിച്ചപ്പോള്‍ ഷാരോണ്‍ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തു.

​ഷാരോണിന് പലതവണ ജ്യൂസ് നൽകി

കന്യാകുമാരി, കുഴിത്തുറ പഴയ പാലം, നിര്‍മാണം പുരോഗമിക്കുന്ന ബൈപ്പാസ് എന്നിവിടങ്ങളില്‍ ഷാരോണിനോടൊപ്പം പോയിട്ടുണ്ട്. ഈ സമയങ്ങളില്‍ ജ്യൂസില്‍ കളനാശിനി കലര്‍ത്തി നല്‍കിയിരുന്നു. ചില ദിവസങ്ങളില്‍ ഷാരോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അത് കാലാവധി കഴിഞ്ഞ ജ്യൂസായിരിക്കുമെന്ന് പറഞ്ഞിട്ടുള്ളതായി ഗ്രീഷ്മ വെളിപ്പെടുത്തിയത്. ജ്യൂസ് ചലഞ്ചിന്‍റെ രംഗങ്ങള്‍ ഷാരോണ്‍ ചിത്രീകരിക്കുന്നത് താന്‍ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.

​വികാരാധീനയായി ഗ്രീഷ്മ

ഇതിനിടെ, ഫോറന്‍സിക് സംഘം സംഭവം ദിവസം ഗ്രീഷ്മ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിനൊപ്പം വീട്ടിലെ വിരലടയാളങ്ങളും ശേഖരിച്ചു. തെളിവെടുപ്പിനിടെ തന്‍റെ വിജയങ്ങളില്‍ ലഭിച്ച പുരസ്‌കാരങ്ങളും ട്രോഫികളും മറ്റും കണ്ടതോടെ ഗ്രീഷ്മ വികാരാധീനയായി. അറസ്റ്റിന് ശേഷം ആദ്യമായാണ് ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത്. പ്രദേശവാസികളും മാധ്യമങ്ങളുമടക്കം പ്രദേശത്ത് ചെറുതല്ലാത്ത ആള്‍ക്കൂട്ടമുണ്ടായിരുന്നെങ്കിലും ഒന്ന് തലയുര്‍ത്തി നോക്കുക പോലും ചെയ്യാതെയാണ് ഗ്രീഷ്മ തെളിവെടുപ്പിനെത്തിയത്.

​തെളിവെടുപ്പ് അവസാനിച്ചത് 7.30ന്

രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നരയോടെ ഭക്ഷണം കഴിക്കാനായി ഇടയ്‌ക്കൊന്ന് നിറുത്തിയതൊഴിച്ചാല്‍ രാത്രി ഏഴര വരെയും തുടര്‍ന്നു. ഒന്നരയ്ക്ക് പാറശാല സ്റ്റേഷനിലെത്തി പ്രതിയടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചശേഷം വൈകിട്ട് മൂന്നോടെയാണ് തെളിവെടുപ്പ് വീണ്ടും ആരംഭിച്ചത്. ഗ്രീഷ്മയുടെ വക്കീലും തെളിവെടുപ്പ് നടക്കുന്നിടത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് കേരള-തമിഴ്‌നാട് പോലീസിന്‍റെ വന്‍ സംഘം തെളിവെടുപ്പിനെത്തിയത്. കറുത്ത ഷാള്‍കൊണ്ട് ഗ്രീഷ്മയുടെ മുഖം മറച്ചിരുന്നു. കൈവിലങ്ങ് അണിയിച്ചിരുന്നില്ല. രാത്രി ഏഴരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗ്രീഷ്മയെ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

​അമ്മയും അമ്മാവനും തെളിവ് നശിപ്പിച്ചു

ഷാരോണിന്‍റെ മരണ ശേഷം വീട്ടുകാര്‍ക്ക് മുന്നില്‍ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകള്‍ മാതാവ് സിന്ധുവും നിര്‍മല്‍കുമാറും ചേര്‍ന്ന് നശിപ്പിച്ചു എന്നാണ് പോലീസ് വെളിപ്പെടുത്തല്‍. കളനാശിയുടെ കുപ്പി നിര്‍മല്‍ കുമാറിനെ തെളിവെടുപ്പിനു എത്തിച്ചപ്പോള്‍ വീടിനു സമീപം കുളക്കരയിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

​ശാസ്ത്രീയ തെളിവുകൾ വെല്ലുവിളി

ആത്മഹത്യാപ്രവണത അടക്കം കണക്കിലെടുത്ത് വിളപ്പില്‍ശാല സ്റ്റേഷനില്‍ കനത്ത സുരക്ഷയില്‍ ആണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണവുമായി ഗ്രീഷ്മ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസിനെ ബാധിക്കും എന്നതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജ്യൂസില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതാണ് പോലീസിന് മുമ്പിലുള്ള വെല്ലുവിളി. എന്ത് വിഷമാണ് കലര്‍ത്തിയതെന്ന് തുടങ്ങി നിരവധി വിശദാംശങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp