പത്തനംതിട്ട: കാണാതായ യുവതികളെ തേടിയുള്ള അന്വേഷണത്തിൽ ആറന്മുള തെക്കേമലയിൽ നിന്നും 5 വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാലിനെ (26 ) ആണ് പോലീസ് കണ്ടെത്തിയത്. കുട്ടികളുമായി ആറന്മുള തെക്കേ മലയിൽ താമസിച്ചു വരവേ 2017 ജൂലൈയിൽറ്റ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇലന്തൂർ നരബലി കേസിനു ശേഷം മുൻപ് രജിസ്ററർ ചെയ്ത കേസുകളിൽ ഇതു വരെ കണ്ടെത്താത്ത സ്ത്രീകളുടെ കേസുകൾ പുനരന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി സംഘം നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കൊടുങ്ങൂരിൽ നിന്ന് യുവതിയെ കണ്ടെത്തിയത്. ജില്ലയിൽ 12 യുവതികളെ ഇത്തരത്തിൽ പല സ്ഥലങ്ങളിൽ നിന്നായി കാണാതായിട്ടുണ്ടെന്നാണ് പോലീസ് രേഖകളിൽ ഉള്ളത്.
പന്തളത്തു നിന്നും കാണാതായ യുവതിയെ ഭർത്താവിന്റെ പരാതിയിൽ അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. 2017 ൽ കാണാതായതിന് ശേഷം ഇവർ ബെംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കുകയും, പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നു. ഈ കാലയളവിൽ തമിഴ്നാട്ടിലുള്ള ബന്ധുക്കളുമായി ഒന്നും ഇവർ ബന്ധം പുലർത്തിയിരുന്നില്ല. ഇവരെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.