സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫയലുകള്‍

സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില്‍ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്. സര്‍ക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല ഒരുമിച്ച് നല്‍കിയിട്ടുണ്ട്. ഇതുമൂലം വകുപ്പുകള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ജോലിഭാരം മൂലം വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്.

ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി രൂക്ഷമാക്കി. ധനവകുപ്പില്‍ മാത്രം 26,257 ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് പുതിയ കണക്ക്. അഞ്ചു വകുപ്പുകള്‍ ഒരേ സമയം കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് എ. കൗശികന്‍, ഫയല്‍ നോക്കാന്‍ സമയം കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ഒഴിവാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ ആണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് കെ.എ.എസുകാരുടെ പരാതി. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp