പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ മുന്നണികള്‍

പാലക്കാട് നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. പാലക്കാടന്‍ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തില്‍ കാണാന്‍ കഴിഞ്ഞത്.പാലക്കാട് ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ വെച്ച് നടക്കും,രാവിലെ 11 മണി മുതലാണ് നടപടികള്‍ ആരംഭിക്കുക,വൈകീട്ടോടെ നടപടികള്‍ പൂര്‍ത്തിയാക്കും,വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പും വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23നും ഡ്രൈ ഡ്രേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

വിവാദങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്താണ് എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങള്‍. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍ പറഞ്ഞത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp