കൊല്ലം കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കരുനാഗപ്പള്ളി എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനി ഐശ്വര്യയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കാണാതാവുന്നത്. രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രധാനമായും ഐശ്വര്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ടവർ ലൊക്കേഷനിൽ കുട്ടി എറണാകുളം വരെ എത്തിയതായി വ്യക്തമാണ്.