തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായെത്തിയത്.

ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാൾക്ക് അധ്യാപികയോട് പക തോന്നുകയും അതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp