കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും.ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റൽ കോടതികളിൽ ഉള്ളത്. ഇവിടെ പേപ്പർ ഫയലിംഗ് ഇല്ല എന്നത് മാത്രമല്ല, 24 മണിക്കൂറും കേസുകൾ ഫയല്‍ ചെയ്യാനും സാധിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് ഫയൽ ചെയ്യേണ്ടത്.കോടതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അഭിഭാഷകർക്കും ക്ലർക്കുമാർക്കും നേരത്തെ തന്നെ പരിശീലനം നൽകിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് പി എൻ വിനോദ് ആണ് ഈ ഡിജിറ്റൽ കോടതി കോടതി ഉദ്ഘാടനം ചെയ്തത്.