ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം

അമേരിക്കയിലെ കൈക്കൂലി കേസില്‍ പെട്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി. വ്യാപാരാരംഭത്തില്‍ അദാനി എന്റര്‍ പ്രൈസസ് ഓഹരി വില 1.79 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളില്‍ 6.61 ശതമാനം ഇടിവുണ്ടായി. അദാനി എനര്‍ജി ഓഹരി വില 4.15 ശതമാനം കുറഞ്ഞു. ഇന്നലെയും അദാനി ഓഹരികള്‍ വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു.അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഏഴ് ശതമാനം ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ ആറ് ശതമാനം ഇടിവിലും അദാനി എനര്‍ജി സൊല്യൂഷന്‍സ് 9 ശതമാനം ഇടിവിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തോതില്‍ ഇടിഞ്ഞതോടെ സൂചികകളില്‍ ഭീമമായ ഇടിവാണ് ഇന്നുണ്ടായത്. 20 ശതമാനം ഇടിവെന്ന വന്‍ ആഘാതത്തില്‍ നിന്ന് കരകയറിയെങ്കിലും അദാനി ഗ്രൂപ്പിന് ഇന്നും വിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.മൂല്യം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് ശേഷമുള്ള ഭീമമായ ഇടിവിന് ശേഷം അദാനി നേരിട്ട കനത്ത ആഘാതമാണ് ഇന്നലെ വിപണിയിലുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം മാത്രമല്ല അദാനിയുടെ വ്യക്തിഗത ആസ്തിയിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ സര്‍ക്കാരില്‍ നിന്ന് പദ്ധതികള്‍ ലഭിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 2029 കോടി രൂപ കൈക്കൂലി നല്‍കിയെന്നും, ഇത് കാട്ടി അമേരിക്കക്കാരെ കബളിപ്പിച്ച് നിക്ഷേപം തട്ടിയെന്നുമാണ് അദാനി കമ്പനിക്കെതിരായ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ഇനി ഗ്രാന്റ് ജൂറി അനുമതി നല്‍കിയാല്‍ കോടതി വിചാരണ നടപടികളിലേക്ക് കടക്കും. കേസില്‍ അദാനിയടക്കം എട്ട് പേരാണ് പ്രതികള്‍. ഒന്നാം പ്രതി ഗൗതം അദാനിയാണ്. കേസിന് പിന്നാലെ കെനിയയിലെ വിമാനത്താവള നടത്തിപ്പിനും മൂന്ന് വൈദ്യുത ലൈനുകള്‍ സ്ഥാപിക്കാനുമായി ഒപ്പുവെച്ച കരാറുകള്‍ അദാനി ഗ്രൂപ്പിന് നഷ്ടമായി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp