ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരവധി ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് കൈവരിയിൽ നീണ്ടുനിവർന്നു കിടക്കുന്ന നിലയിലായിരുന്നു രണ്ടടിയോളം നീളം വരുന്ന പാമ്പ്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലായിരുന്നു പാമ്പ്.
പാമ്പിനെ കണ്ട ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയിലാക്കുകയായിരുന്നു. വിഷമില്ലാത്തയിനം കാട്ടുപാമ്പാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.