സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ പാലക്കാട് ബിജെപി തോറ്റുകഴിഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍. പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് ആര് വോട്ടുചെയ്യുമെന്ന് സന്ദീപ് പരിഹസിച്ചു. കെ സുരേന്ദ്രനും വി മുരളീധരനും അടങ്ങുന്ന കോക്കസാണ് ബിജെപിയെ നയിക്കുന്നതെന്ന മുന്‍ വിമര്‍ശനവും സന്ദീപ് വാര്യര്‍ ട്വന്റിഫോറിലൂടെ ആവര്‍ത്തിച്ചു. അത് കച്ചവട കോക്കസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യരുമായി സംസാരിച്ചിരുന്നുവെന്ന സിപിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം സന്ദീപ് വാര്യരും ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. സിപിഐയിലേക്ക് ബിനോയ് വിശ്വം തന്നെ സ്വാഗതം ചെയ്തു. തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്നും ഇപ്പോള്‍ അങ്ങനെ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ താഴേത്തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചുവന്നതിനാല്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കൃഷ്ണകുമാറിന് വോട്ടുകുറയുമെന്ന് തനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. യുഡിഎഫില്‍ വലിയ വിശ്വാസം ജനങ്ങള്‍ക്കുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായില്ലെന്ന് താന്‍ സുരേന്ദ്രനോട് തുറന്നുപറഞ്ഞിരുന്നു. പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.