ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത

27/11/2024 : ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് 29/11/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി  ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.  

29/11/2024 വരെ: തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

30/11/2024 വരെ തമിഴ് നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.
കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp