വൈക്കത്തെ സിപിഐഎം കൗൺസിലരുടെ ജോലി തട്ടിപ്പിൽ കൗൺസിലർ കെ.പി.സതീശനെതിരെ കൂടുതൽ പരാതികൾ. ദേവസ്വംബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർ ജോലി തട്ടിപ്പ് പരാതികളുമായി രംഗത്തെത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയതായാണ് പരാതി.
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആശുപത്രിയിൽ നേഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് വൈക്കം ഉദയനാപുരം പുത്തൻതറയിൽ റാണിഷ് മോളും ഭർത്താവ് പി.ആർ.അരുൺകുമാറുമാണ് വൈക്കം പൊലീസിൽ പരാതി നൽകിയത്.
കെ.പി.സതീശൻ, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരാണ് പണം വാങ്ങിയതെന്ന് റാണിഷ് മോളുടെ പരാതിയിൽ പറയുന്നു. 7 ലക്ഷം രൂപ ആവശ്യപ്പെട്ടു. 1.50 ലക്ഷം മുൻകൂർ വേണമെന്നും ബാക്കി തുക ജോലി കിട്ടിയിട്ടു മതിയെന്നും പറഞ്ഞു. 2021 ജൂലൈയിൽ അക്ഷയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 80,000 രൂപയും പിറ്റേ ദിവസം 70,000 രൂപയും നിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ജോലിക്കുള്ള റാങ്ക് പട്ടികയിൽ റാണിഷ് മോളുടെ പേരില്ലായിരുന്നു.
രാഷ്ട്രീയ നിയമനമാണെന്നും റാങ്ക് പട്ടികയിൽ ഒരു കാര്യവുമില്ലെന്നും പ്രതികൾ പറഞ്ഞു. കോവിഡായതിനാൽ നിയമനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്.