ചോദ്യ പേപ്പർ ചോർച്ച; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും.

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് വ്യക്തമാക്കിയിരുന്നു. ഓണ പരീക്ഷ ചോദ്യപേപ്പർ ചോർന്നപ്പോൾ പാെലീസ് വിളിപ്പിച്ചിരുന്നു. മലപ്പുറം പോലീസിൽ അതുമായി ബന്ധപ്പെട്ട മൊഴി നൽകിയിട്ടുണ്ട്. അതിനിടെ സംഭവത്തിൽ എംഎസ് സൊല്യൂഷൻസിനെതിരെ പൊലിസ് ഇന്ന് കേസെടുത്തേക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp