നികുതിയില്‍ ധോനിയുടെ ഐപിഎല്‍ പ്രതിഫലത്തിനും ‘ചെക്’ വെച്ച് ഗുകേഷ്; ലോക ചാമ്പ്യന്‍ നല്‍കേണ്ടത് 4.67 കോടി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ ‘മലര്‍ത്തിയടിച്ച്’ കിരീടം ചൂടിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് നികുതിയായി ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടത് ധോനിയുടെ ഐപിഎല്‍ പ്രതിഫലത്തെയും പിന്നിലാക്കുന്ന തുക. ഡി ഗുകേഷിന് ആകെ പ്രതിഫലമായി ലഭിച്ച 11.45 കോടി രൂപയില്‍ നിന്ന് ഏകദേശം 4.67 കോടി രൂപയാണ് നികുതിയിനത്തില്‍ നല്‍കേണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരമായ ധോനിയുടെ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് നാല് കോടിയായിരുന്നു. ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം ആദായ നികുതി നല്‍കണം. അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുണ്ടെങ്കില്‍ ഇത് 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസുമായും നല്‍കണം. അതിനാല്‍ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനമായിരിക്കും നികുതിയായി നല്‍കുക.ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഇത് ഗുകേഷിന് ലഭിക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യങ്ങളിലടക്കം പ്രചാരണം ഉണ്ടായിരുന്നെങ്കിലും സമ്മാനഘടന സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ ഗെയിമും ജയിക്കുമ്പോള്‍ ജേതാവിന് ലഭിക്കുക 1.69 കോടി രൂപയാണ്. ഈ കണക്കില്‍ മൂന്ന് ജയം സ്വന്തമാക്കിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനം. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ഇരുവര്‍ക്കും തുല്ല്യമായി വീതിക്കുകയാണ് രീതി. അതേ സമയം ഗുകേഷ് നല്‍കേണ്ട നികുതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. ഗുകേഷ് ലോക ചാമ്പ്യനായപ്പോള്‍ ശരിക്കും ചാമ്പ്യനായത് നികുതി വകുപ്പാണെന്നും അവരെ അഭിനന്ദിക്കണമെന്നുമൊക്കെയുള്ള തരത്തിലാണ് ട്രോളുകള്‍ നിറയുന്നത്. ഏതായാലും ഗുകേഷ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയതിനൊപ്പം തന്നാലാവും വിധം രാജ്യത്തിന്റെ സമ്പദ്ഘടനെയെയും സഹായിച്ചിരിക്കുകയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിറയുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp