രാജിവെയ്ക്കില്ലെന്ന നിലപാടില്‍ എ കെ ശശീന്ദ്രന്‍; തോമസ് കെ തോമസ് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് ചോദ്യം

മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി.

അതേസമയം, നാട്ടില്‍ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എന്‍ സി പില്‍ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തോമസ് കെ തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്കലംഘനമോ പാര്‍ട്ടിവിരുദ്ധമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹം എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണെന്നും അഖിലേന്ത്യ പ്രസിഡന്റിനെ കാണാനും പല കാര്യങ്ങള്‍ സംസാരിക്കാനും തികച്ചും സൗഹൃ സന്ദര്‍ശനം നടത്താനുമുള്ള അവകാശമുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ മുന്‍പ് പവാറുമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഇക്കാര്യം നീണ്ടുപോയത്. ഇന്നലത്തെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തനിക്കറിയില്ല. ചാക്കോ, തോമസ് എന്നിവര്‍ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല. കേരളത്തില്‍ ഇപ്പോളിത് ചര്‍ച്ചയാക്കിയത് നല്ല കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. – ശശീന്ദ്രന്‍ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp