ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനിവാര്യമായ ആചാരമല്ലെങ്കിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.നവംബർ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നത് ഉൾപ്പെടെയുള്ള നിരവധി മാർഗനിർദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. ജില്ലാ കളക്ടർമാർക്ക് നിരീക്ഷണ ചുമതല നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.