ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന്റെ ഉന്നത നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. രാജ്യത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല. വാര്‍ധക്യസഹജമായ അവശതകളുണ്ടായിട്ടും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൗട്ടാല വോട്ടുചെയ്യാനെത്തിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അദ്ദേഹം അവസാനമായി അപ്പോഴാണ് ഒരു പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹരിയാനയുടെ ഏഴാമത് മുഖ്യമന്ത്രിയായിരുന്നയാളാണ് ഓം പ്രകാശ് ചൗട്ടാല.അനധികൃത സ്വത്തുസമ്പാദന കേസില്‍ ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാലയളവില്‍ തിഹാര്‍ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുപുള്ളിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ജയില്‍ വിടുമ്പോള്‍ 87 വയസായിരുന്നു ചൗട്ടാലയുടെ പ്രായം. വാര്‍ധക്യ സഹജമായ അവശതകള്‍ മൂലം അദ്ദേഹം കഴിഞ്ഞ മൂന്നുവര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞുവരികെയായിരുന്നു.