കൊല്ലത്ത് കുടിവെള്ളം എടുക്കാന്‍ പോയി വള്ളം മറിഞ്ഞ് മരിച്ച സംഭവം; യുവതിയുടെ സംസ്ക്കാരം ഇന്ന്

കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശിയാണ് സന്ധ്യ. 11 മണിക്ക് മുക്കോട് ക്രിസ്ത്യൻ ദേവാലയത്തിലാണ് സംസ്ക്കാരം ചടങ്ങുകൾ നടക്കുക.

അതേ സമയം, ഒമ്പത് ദിവസം കഴിഞ്ഞിട്ടും കുടിവെള്ളം എത്താത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായതോടെയാണ് കൊല്ലം നഗരത്തിലുൾപ്പടെ തുരുത്ത് നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയത്. ഒമ്പത് തുരുത്തുകളിലായി 600 വീടുകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി വെള്ളം മുടങ്ങിയിരിക്കുകയാണ്. എന്നാൽ പൈപ്പ് രണ്ട് ദിവസത്തിനകം നന്നാക്കി പ്രദേശത്തേക്ക് വെള്ളം എത്തിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി സുപ്രണ്ട് എഞ്ചിനീയർ റിപ്പോർട്ടറിനോട് പറഞ്ഞു.ഇന്നലെ രാവിലെയാണ് കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് സന്ധ്യ മരിച്ചത്. വള്ളത്തില്‍ മകനൊപ്പമായിരുന്നു സന്ധ്യ വെള്ളമെടുക്കാന്‍ പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് വള്ളത്തിനടിയില്‍ നിന്ന് സന്ധ്യയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp