രാജസ്ഥാനില്‍ മൂന്നുവയസുള്ള പെണ്‍കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജസ്ഥാനില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. മൂന്നുവയസുള്ള പെണ്‍കുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്ക്കിണറില്‍ വീഴുകയായിരുന്നു. ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്. പിന്നീട് കുഞ്ഞ് അനങ്ങിയപ്പോള്‍ കൂടുതല്‍ ആഴത്തിലേക്ക് വീണു. ഒരു പൈപ്പിലൂടെ കുഴല്‍ക്കിണറിനുള്ളിലേക്ക് കുഞ്ഞിന് ശ്വസിക്കാനായി ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ആഴത്തിലേക്ക് ക്യാമറ ഇറക്കി കുഞ്ഞിനെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.കുഞ്ഞ് രാവിലെ കുഴല്‍ക്കിണറിലേക്ക് വീണത് കുട്ടിയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരി കാവ്യ കണ്ടതുകൊണ്ടാണ് വളരെ വേഗത്തില്‍ അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടെ വലിയൊരു സംഘം രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കുഞ്ഞിന് വെള്ളവും ഭക്ഷണവും നല്‍കാനും ശ്രമിക്കുന്നുണ്ട്. കുഴല്‍ക്കിണര്‍ നാളെ മൂടാന്‍ പ്ലാനുണ്ടായിരുന്നെന്നും അതിനാലാണ് കുഴല്‍ക്കിണര്‍ അടപ്പ് കൊണ്ട് മൂടാതിരുന്നതെന്നും കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം അല്‍പ്പ സമയത്തിനകം സംഭവസ്ഥലത്തേക്ക് എത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp