കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിപ്പിലെ പൊലീസ് പങ്ക്, വിശദമായ അന്വേഷണ ആരംഭിച്ച് കൊച്ചി സിറ്റി പൊലീസ്. അറസ്റ്റിലായ എഎസ്ഐ മാരായ ബ്രിജേഷ് ലാൽ ടി കെ രമേശൻ എന്നിവരുടെ സ്വത്തുവിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ മറ്റ് സ്പാകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധന നടത്തും. ടി കെ രമേശനും അനാശാസ്യ കേന്ദ്രത്തിലെ നടത്തിപ്പുകാരനുമായി നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്നും പൊലീസ് കണ്ടെത്തി.
ഇന്നലെയാണ് കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ കേസിൽ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്‌തത്. ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രമേശ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ കടവന്ത്രയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്.
ഇന്ന് രാവിലെയാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബറിൽ പിടിയിലായ ഏജന്‍റുമാരായ സ്ത്രീയേയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിന്‍റെ നടത്തിപ്പിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.