പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ. ഗുജറാത്തിൽ തുടങ്ങി ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിൻറെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി.

2004-ലും പിന്നീട് 2009-ലും, തുടർച്ചയായി രണ്ടു ലോക്സഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ബിജെപിക്കിനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. ഒരു ദശാബ്ദത്തിനിപ്പുറം, 2014 ൽ, അങ്ങ്, ഗുജറാത്തിൽ നിന്ന്, ബിജെപിയെ ഒറ്റയ്ക്ക് തോളിലേറ്റി, നരേന്ദ്ര മോദി എന്ന നായകൻ ഇന്ദ്രപ്രസ്ഥത്തിലേക്ക് പടനയിച്ചപ്പോൾ, ചരമക്കുറിപ്പെഴുതിയവരുടെ കണ്ണു തള്ളി.

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകൾ. സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് ഊർജം പകർന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദർദാസ് മോദി വളർന്നുയർന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്.

1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിൻറെ ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛൻറെ ഉപജീവനമാർഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി. ആർ എസ് എസ് കാര്യാലയത്തിലെ സഹായിയിൽനിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രി .. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളർന്നത്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp