പിഎസ്‌സിയില്‍ ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു.


Twitter
WhatsAppMore

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ ഈ മാസം 30നകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഒരു കാരണവശാലും ഉദ്യോഗകയറ്റത്തിലൂടെ നികത്താന്‍ പാടില്ല. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം.

ആറുമാസത്തില്‍ കൂടുതല്‍ ഉള്ള അവധികള്‍ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ആ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണം എന്ന പുതിയ നിര്‍ദേശം കൂടി സര്‍ക്കാര്‍ നല്‍കുന്നു. പി എസ് സി ലിസ്റ്റിലുള്ളതില്‍ ഒരുകാരണവശാലും താത്ക്കാലിക നിയമനം പാടില്ല. ഏതെങ്കിലും ഒരു തസ്തികയില്‍ പി എസ് സി റാങ്ക് ലിസ്റ്റുണ്ടെങ്കില്‍ ആ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയോ ഉള്ള നിയമനം പാടില്ല. ഒഴിവുകളുടെ എണ്ണം ഡിസംബര്‍ 1ന് വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp