പത്തനംതിട്ടയിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം; ഒരു ബസിന്റെ ഡ്രൈവര്‍ മറ്റൊരു സ്വകാര്യ ബസിലേക്ക് കല്ലെറിഞ്ഞു, വിദ്യാർഥിനിക്ക് പരിക്ക്

പത്തനംതിട്ട: സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ വിദ്യാർഥിനിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചു നടന്ന കല്ലേറില്‍ ബസിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെയും ബസും പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ് നടപടി.

കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വപ്‌ന, നിബുമോന്‍ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. ബസ് വരുന്ന സമയത്തെ ചൊല്ലിയുള്ള തർക്കമാണ് കല്ലെറിലേക്ക് വഴിവെച്ചത്. സ്വപ്‌ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് കുറുകെ കൊണ്ട് നിര്‍ത്തി. ഇതിനു ശേഷം ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇരുബസുകളും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം അവിടെ വെച്ചാണ് കല്ലേറുണ്ടായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp