ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന വിധി നിര്‍ണയത്തിലെ പരാതികളും ആരോപണങ്ങളും വളരെ വിരളമായ കലോത്സവത്തിനാണ് തിരശ്ശീല വീഴുന്നത്. ഊരുകളില്‍ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയെല്ലാം ഇത്തവണ അരങ്ങിലെത്തിയിരുന്നു.

മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) ആണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികള്‍ ആകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp