ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ജയിലില്‍ തുടരും

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു.

പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. ജാമ്യാപേക്ഷ വന്നാല്‍ മൂന്ന് ദിവസം പൊലീസിന് മറുപടി നല്‍കാന്‍ സമയം നല്‍കും. അത് അറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.

ഹണി റോസ് വേട്ടയാടുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്. പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത് വേട്ടയാടലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂര്‍ വാദിച്ചു. കേസ് തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിക്കാരിയുമായി ഉള്ളത് രണ്ട് പതിറ്റാണ്ടോളമുള്ള ബന്ധം. തന്റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ് എന്നും വ്യക്തമാക്കുന്നു. മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ല എന്ന് ബോബി ചെമ്മണ്ണൂര്‍ ആരോപിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp