മുംബൈ ഇന്ത്യൻസിൻ്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല ആയിരിക്കുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും സുപ്രധാന താരമായിരുന്നു പൊള്ളാർഡ്. തൻ്റെ ബാറ്റിംഗ് മികവുകൊണ്ട് പലപ്പോഴും താരം മുംബൈയെ രക്ഷിച്ചിട്ടുണ്ട്. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരും.
മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ റിലീസ് ചെയ്തേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പൊള്ളാർഡിൻ്റെ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസ് മറ്റൊരു പാതയിലൂടെ പോകാൻ തീരുമാനിച്ചെന്നും മറ്റൊരു ടീമിനു വേണ്ടി ഐപിഎൽ കളിക്കാൻ താത്പര്യമില്ലെന്നും പൊള്ളാർഡ് വാർത്താകുറിപ്പിൽ പറയുന്നു.