ഇത് ആരിഫ് മുഹമ്മദ് ഖാന്‍ നയമല്ല; കേന്ദ്രത്തിന് എതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വായിച്ച് ആര്‍ലേകറുടെ നയപ്രഖ്യാപനം

ഏറെ കാലത്തിന് ശേഷം സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും രമ്യതയിലെന്ന് തോന്നിപ്പിക്കുന്നതായി ഇന്ന് നിയമസഭയിലെ നയപ്രഖ്യാപനം. സര്‍ക്കാര്‍ എഴുതി നല്‍കിയതില്‍ വെട്ടിക്കുറക്കലോ തിരുത്തോ ഇല്ലാതെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള നിയമസഭയില്‍ തന്റെ ആദ്യ നയപ്രസംഗം പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെങ്കിലും സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ തയാറായി എന്നത് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ടുളള ഗവര്‍ണറുടെ പ്രസംഗം കൈയ്യടിയോ ഡസ്‌കില്‍ അടിച്ച് ശബ്ദമുണ്ടാക്കലോ ഇല്ലാതെയാണ് ഭരണപക്ഷം കേട്ടിരുന്നത്. പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നില്ല.ആദ്യ പ്രസംഗത്തിന് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ തുടക്കത്തില്‍ തന്നെ പ്രകോപിപ്പിക്കേണ്ടെന്ന കരുതലാണ് കേന്ദ്രത്തിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ വായ്പാ നിയന്ത്രണം, ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത് പോലുളള കേന്ദ്ര നടപടി മൂലം സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ വസ്തുതാപരമായി പറഞ്ഞുവെക്കുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാനോട് സ്വീകരിച്ച തീവ്ര നിലപാട് ആര്‍ലേകറോട് ആദ്യംതന്നെ വേണ്ടെന്ന തന്ത്രപരമായ നിലപാടാണ് ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിഫലിച്ചത്.മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായുളള ടൗണ്‍ഷിപ്പുകള്‍ ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, വയനാടിന് കേന്ദ്ര സഹായം ലഭിക്കാത്ത കാര്യം പ്രസംഗത്തില്‍ ഇടംപിടിക്കാത്തതും ശ്രദ്ധേയമായി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലെ സമ്മേളനത്തില്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭ വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 78 സെക്കന്‍ഡ് മാത്രമാണ് അന്ന് പ്രസംഗം നീണ്ടുനിന്നത്. ഇതോടെ, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനം എന്ന റെക്കോഡ് ആരിഫ് മുഹമ്മദ് ഖാന്റെ പേരിലാകുകയും ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp