‘രക്തത്തിൽ കുളിച്ച് സെയ്ഫ് ഓട്ടോയില്‍ കയറി, എത്രസമയംകൊണ്ട് ആശുപത്രിയിലെത്തുമെന്ന് ചോദിച്ചു’; ഡ്രൈവർ

ആക്രമണത്തിൽ പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഭജൻ സിങ് റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ച് എത്ര സമയം എടുക്കും എന്നാണ്. നടനാണ് ഓട്ടോയിൽ കയറിയതെന്ന് താൻ തിരിച്ചറിഞ്ഞില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.ദേശീയ മാധ്യമങ്ങൾക്കു മുൻപിൽ സംഭവത്തെക്കുറിച്ച് റാണ വിശദീകരിച്ചത് ഇങ്ങനെ: ‘കഴിഞ്ഞ 15 വർഷമായി ഇതേ വഴിയിൽ പതിവായി രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. പാർപ്പിട സമുച്ചയത്തിന്റെ സമീപത്തു കൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീയാണു വിളിച്ചത്. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി,
ആശുപത്രിയിൽ എത്തിയതും അയാൾ അവിടുള്ള ഗാർഡിനെ വിളിച്ചു. ‘ഞാൻ സെയ്ഫ് അലി ഖാനാണ്. സ്ട്രക്ച്ചർ കൊണ്ടുവരൂ’ എന്ന് പറഞ്ഞപ്പോളാണ് എനിക്ക് അത് സെയ്ഫ് അലി ഖാനാണ് എന്ന് മനസിലായത്. താന്‍ പണം വാങ്ങിയില്ലെന്നും നടന്‍ വേഗത്തില്‍ സുഖമാകട്ടെയെന്നാണ് പ്രാത്ഥനയെന്നും റാണ പറഞ്ഞു.വണ്ടിയിൽ ആകെ ചോരയായിരുന്നു. ആ വണ്ടി അപ്പുറത്ത് നിർത്തിയിരിക്കുകയാണ്. ഇപ്പോൾ വേറെ വണ്ടിയാണ് ഓടിക്കുന്നതെന്നും റാണ കൂട്ടിച്ചേർത്തു.

അതേസമയം മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി.
അണുബാധ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ .

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp