ന്യൂഡൽഹി: ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ അഫ്താബ് പൂനവാല മറ്റൊരു പെൺകുട്ടിയുമായി ഡേറ്റിങ് ആരംഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിലിരിക്കെയാണ് അഫ്താബ് മറ്റൊരു യുവതിയെ ഫ്ലാറ്റിലെത്തിച്ചത്.
ഡേറ്റിങ് ആപ്പായ ‘ബംബിളി’ലൂടെയാണ് അഫ്താബും (28) ശ്രദ്ധയും (26) പരിചയപ്പെടുന്നത്. മൂന്ന് വർഷത്തോളം ഇരുവരും ഒന്നിച്ചായിരുന്നു താമസം. മുംബൈയിൽ വെച്ച് ആരംഭിച്ച പ്രണയം ഡൽഹിയിൽ വെച്ച് കൊടും ക്രൂരതയിൽ കലാശിക്കുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി 15-20 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് അഫ്താബ് മറ്റൊരു യുവതിയെ ഫ്ലാറ്റിലെത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.
ബംബിളിലൂടെത്തന്നെയാണ് അഫ്താബ് പുതിയ കാമുകിയെ പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു. യുവതിയെ തുടർച്ചയായി അഫ്താബ് ഫ്ലാറ്റിൽ കൊണ്ടുവരുമായിരുന്നു. അപ്പോഴൊക്കെ ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നതായാണ് പോലീസ് ഭാഷ്യം.
35 കഷ്ണങ്ങളായി മുറിച്ച ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ ഓരോന്നായാണ് അഫ്താബ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്. 18 ദിവസംകൊണ്ട് 18 ഇടങ്ങളിലാണ് ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചത്. മൃതദേഹ ഭാഗങ്ങൾ സൂക്ഷിക്കുന്നതിനായി സാമാന്യം വലുപ്പമുള്ള ഫ്രിഡ്ജും അഫ്താബ് വാങ്ങി. പുതിയ കാമുകി വീട്ടിലെത്തിയ സമയങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ അലമാരയിലേക്ക് മാറ്റാൻ പ്രതി ശ്രദ്ധിച്ചിരുന്നു.
അഫ്താബ് പൂനവാലയും ശ്രദ്ധയും മുംബൈയിലെ ജീവിതം അവസാനിപ്പിച്ച് ഏപ്രിലിലാണ് ഡൽഹിയിലേക്ക് താമസം മാറ്റിയത്. ഇതിനിടെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതു സംബന്ധിച്ച വഴക്ക് രൂക്ഷമായതിനെത്തുടർന്ന് മെയ് 18ന് ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഷെഫായ അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ മുറിക്കുന്നതിനു മുമ്പ് രക്തക്കറ മായ്ച്ച് തെളിവ് നശിപ്പിക്കുന്നത് എങ്ങനെയെന്നും മൃതദേഹം കഷ്ണങ്ങളാക്കുന്നത് എങ്ങനെയെന്നും ഗൂഗിളിൽ നോക്കി മനസിലാക്കിയിരുന്നു. മൃതദേഹം മുറിക്കുന്നതിന് ഉപയോഗിച്ച കത്തി അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടത്തിയ ശേഷം മറ്റുള്ളവർക്ക് സംശയം തോന്നുന്നത് ഒഴിവാക്കുന്നതിനായി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അഫ്താബ് നിരന്തരം ഉപയോഗിക്കുകയും കൂട്ടുകാരോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ശ്രദ്ധയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് അതിനു കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി ശ്രദ്ധയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതാണ് സുഹൃത്തുക്കളിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്.
പഠനത്തിൽ ശരാശരിക്കാരനായിരുന്ന അഫ്താബിന് ഒന്നിലും ഉറച്ചു നിൽക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ജീവിതംകൊണ്ട് നേടേണ്ടത് എന്താണെന്നോ എന്താകണമെന്നോ അഫ്താബിന് രൂപം ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. അഫ്താബിനെ ബിരുദത്തിന് ചേർക്കണമെന്നായിരുന്നു പിതാവ് ആമിന്റെ ആഗ്രഹം. എന്നാൽ ബിസിനസ് ചെയ്യാനായിരുന്നു അഫ്താബിന്റെ ആഗ്രഹം. എന്നാൽ രണ്ടിലേക്കും കടന്നുചെന്ന അഫ്താബ് രണ്ടും പാതിവഴിയിൽ ഉപേക്ഷിച്ചു.
ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരുന്നതിനിടെ 2019 ലാണ് ഡേറ്റിങ് ആപ്പു വഴി അഫ്താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. മാതാപിതാക്കൾ അറിയാതെയാണ് ഇരുവരും ഡൽഹിയിലേക്ക് താമസം മാറ്റിയതെന്ന് പോലീസ് പറയുന്നു.