ട്രംപിന് ആദ്യ തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. 

പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇതിനോടകം നിയമ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp