സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെ നിൽക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ എ.ആർ ക്യാമ്പിലെത്തിയ ബിനുകുമാർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ .

കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി. ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്താതെ ഒളിവിൽ പോകുകയായിരുന്നു.

പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനായിരുന്നു. കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp