കേന്ദ്ര ബജറ്റിൽ ഇന്ധനവില കുറയുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ മൊത്തത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനാകും. വില കുറയുന്നത് ഉപഭോഗം കൂട്ടും. അതുകൊണ്ട് തന്നെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആവശ്യപ്പെട്ടിരുന്നു.പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുറയുമെന്നു കരുതപ്പെടുന്നു. കഴിഞ്ഞ വർഷം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് 1.19 ട്രില്യൺ രൂപയാണ് സർക്കാർ ബജറ്റ് വകയിരുത്തിയത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ രാജ്യത്തെ ഇന്ധനവിലയിൽ വ്യത്യാസം ഉണ്ടാകും. പെട്രോളും, ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യവും ബജറ്റിൽ തീരുമാനമായേക്കും. അങ്ങനെയെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും പെട്രോൾ, ഡീസൽ വില ഒരേ നിലയിലാകും.രാജ്യാന്തര എണ്ണ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും 2022 മേയ് മുതൽ എക്സൈസ് തീരുവ ക്രമീകരിച്ചിട്ടില്ല. പെട്രോളിൻറെ ചില്ലറി വിൽപ്പന വിലയുടെ 21 ശതമാനവും. ഡീസൽ വിലയുടെ 18 ശതമാനവും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചിൽ കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികള്‍ രണ്ട് രൂപ കുറച്ചിരുന്നു.