നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, വൻ സുരക്ഷ സന്നാഹം

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും.പ്രതി കൃത്യം ചെയ്തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുക. ഇതെല്ലാം അന്വേഷണസംഘം വീഡിയോ ആയി റെക്കോർഡ് ചെയ്യും. പിടിയിലായപ്പോൾ പ്രതി നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളിൽ അടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക.വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും.അതേസമയം, പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്ന പോത്തുണ്ടിയിൽ പൊലീസിന്റെ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണിത്. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂർ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എ.ആർ. ക്യാമ്പിൽ നിന്നുള്ളവർ ഉൾപ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമര. പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp