തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇരുമ്പുവേലിയുടെ സംരക്ഷണത്തിൽ.

യുനെസ്‌കോ അംഗീകാരം നേടിയ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇപ്പോൾ ഇരുമ്പുവേലിയുടെ സംരക്ഷണത്തിലാണ്. ഒഴിവുസമയം ചിലവിടാൻ തേക്കിൻകാട് മൈതാനിയിലെത്തുന്ന വിരുതൻമാരുടെ കോറിവരയിൽ നിന്ന് തെക്കേ ഗോപുരത്തെ സംരക്ഷിക്കാനാണ് ക്ഷേത്രം ഉപദേശകസമിതി ഗോപുരം വേലി കെട്ടിത്തിരിച്ചത്.

തൃശൂരിൻറെ ഹൃദയഭാഗത്തുള്ള തേക്കിൻകാട് മൈതാനം. മൈതാനത്തിൻറെ ഒത്തനടുവിൽ വടക്കുംനാഥക്ഷേത്രം. നാല് ഗോപുരങ്ങളിൽ
ഏറ്റവും സവിശേഷമെന്ന് കരുതുന്ന തെക്കേ ഗോപുരം.ഗോപുരത്തിനടുത്ത് വിശ്രമിക്കാനെത്തുന്നവരിൽ ചിലരുടെ കൈക്രിയകളാണ് ഈ ചുവരിൽ കാണുന്നത്. പേരുകൊത്തിയും ചിത്രം വരച്ചുമെല്ലാം ഗോപുരത്തിൻറെ ചുവരിനെ ഈ വിധമാക്കിയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളതും യുനെസ്‌കോ അംഗീകാരം നേടിയതുമായ ക്ഷേത്ര ഗോപുരത്തെ സംരക്ഷിക്കാൻ ക്ഷേത്രം ഉപദേശക സമിതിക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നു.

പുരാവസ്തു വകുപ്പിൻറെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൻറെ ഗോപുരങ്ങളിൽ നിരവധി ശിൽപങ്ങളുണ്ട്. സുർക്കി മിശ്രിതമുപയോഗിച്ചാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. അഴിച്ചുമാറ്റാനാകുന്ന വിധത്തിലാണ് സംരക്ഷണ വേലി. ഇത് മറികടന്നും കുത്തിവര തുടർന്നാൽ പൊലീസ് സ്ഥാപിച്ച സിസിടിവി വഴി അത്തരം വിരുതൻമാരെ കയ്യോടെ പൊക്കാനാണ് തീരുമാനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp