2023 ഒക്ടോബർ 7ന് ഹമാസിന്റെ മിന്നലാക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ട നാല് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം ഹമാസ് ഇസ്രായേലിന് കൈമാറി. തെക്കൻ ഗസ മുനമ്പിലെ ഖാൻ യൂനിസിൽ മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും വൻ ജനക്കൂട്ടവും പങ്കെടുത്ത ചടങ്ങിൽ പൊതു പ്രദർശനമായാണ് മൃതദേഹങ്ങൾ കറുത്ത ശവപ്പെട്ടികളിൽ കൈമാറ്റം ചെയ്തത്. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒൻപതു മാസം പ്രായമുള്ള മകൻ ഫിർ, നാലു വയസുകാരൻ ഏരിയൽ എന്നിവരുടെയും 83കാരനായ ഓദീദ് ലിഫ്ഷിറ്റ്സിന്റെയും മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഇവരിൽ ഒഡെഡ് ലിഫ്ഷിറ്റ്സ് കൊല്ലപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി എന്ന് ഇസ്രായേൽ നാഷണൽ സെൻ്റർ ഓഫ് ഫോറൻസിക് മെഡിസിൻ മേധാവി ചെൻ കുഗൽ തന്നെ പറഞ്ഞു. എന്നാൽ ബാക്കിയുള്ളവരുടെ കാര്യത്തിൽ വ്യക്തതയില്ല. 2023 നവംബറിൽ ഇസ്രായേലിന്റെ മിസൈലാക്രമണത്തിലാണ് ഈ ബന്ദികൾ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിക്കുന്നു. എന്നാൽ മൃതദേഹങ്ങൾ കൈമാറിയതോടെ ഉത്തരം കിട്ടാതെ ഒരു ചോദ്യം ബാക്കിയാകുന്നു. 16 മാസക്കാലം ഹമാസ് ഈ മൃതദേഹങ്ങൾ സൂക്ഷിച്ചതെങ്ങനെ? ഹമാസ് പറയുന്നത് ശരിയാണെങ്കിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് മൂന്ന് സാധ്യതകളാണുള്ളത്.റഫ്രിജറേഷൻ അല്ലെങ്കിൽ കോൾഡ് സ്റ്റോറേജ്: മൃതദേഹങ്ങൾ റഫ്രിജറേറ്റഡ് യൂണിറ്റുകളിലോ, മോർച്ചറികളിലോ, താൽക്കാലിക കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിലോ സൂക്ഷിച്ചിരിക്കാം. ഒരുപക്ഷേ ഇത് തുരങ്കങ്ങളിലോ സുരക്ഷിത സ്ഥലങ്ങളിലോ ആവാനും സാധ്യതയുണ്ട്. തിരിച്ചറിയാനും കൈമാറ്റം ചെയ്യാനും കഴിയുന്നത്ര കേടുകൂടാതെയാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. 16 മാസത്തേക്ക് കേടുപാടുകളില്ലാതെ മൃതദേഹം പരിപാലിക്കാൻ റഫ്രിജറേഷൻ അല്ലെങ്കിൽ കോൾഡ് സ്റ്റോറേജ് ഒരു മാർഗമാണ്.
രാസ സംരക്ഷണം: ഫോർമാൽഡിഹൈഡ് അല്ലെങ്കിൽ മറ്റ് പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ എംബാം ചെയ്തിരിക്കാം. ഇതിലൂടെയും മൃതദേഹങ്ങൾ കേടുവരാതെയിരിക്കും.
പ്രകൃതി സംരക്ഷണം: തണുത്തതോ വരണ്ടതോ, അല്ലെങ്കിൽ ഭൂഗർഭ സ്ഥലങ്ങളിലോ (ഉദാഹരണത്തിന്, ഹമാസ് ഉപയോഗിക്കുന്ന തുരങ്കങ്ങൾ) സൂക്ഷിച്ചതിനാൽ സ്വാഭാവികമായി അഴുകൽ മന്ദഗതിയിലായതാകാം.
ഹമാസ് തടവറയിലെ ദുരിതങ്ങളുടെ പ്രതീകമാണ് ബിബാസ് കുടുംബം. 2023 ഒക്ടോബർ 7ന് നടന്ന മിന്നലാക്രമണത്തിനിടെയാണ് ബിബാസ് കുടുംബത്തെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയത്. ഇതിൽ ഷിറിയുടെ ഭർത്താവ് യാർദെൻ ബിബാസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. എന്നാൽ കുടുംബത്തിലെ മറ്റുള്ളവർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ വച്ച് റെഡ് ക്രോസ് അധികൃതരാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറുകയായിരുന്നു.