കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് കളമൊരുങ്ങുകയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കേരളം വിദര്‍ഭയെയാണ് നേരിടാന്‍ പോകുന്നത്. കേരളത്തിന് കിരീടം നേടാനാകുമെന്ന് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിന്റെ ഒരുക്കങ്ങളെല്ലാം മികച്ചത്.കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ ആത്മവിശ്വാസം നൽകുന്നു. വിദർഭ കരുത്തരെങ്കിലും ഭയക്കുന്നില്ല. എല്ലാ മലയാളികളുടെയും പ്രാർത്ഥനയും പിന്തുണയും ടീമിന് ഉണ്ടാകണമെന്നും കേരള നായകൻ ട്വന്റിഫോറിനോട് പറഞ്ഞു. കപ്പ് നേടും വരെ പോരാടും. കേരള ടീമിനൊപ്പമുള്ള ഒന്നര പതിറ്റാണ്ട് യാത്രയിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്.
കോച്ചിന്റെ പരിശീലനമുറകളാണ് കേരളത്തിന്റെ ബാറ്റിങ് ശക്തിയാർജിക്കാൻ കാരണം. അവസാന ക്യാച്ച് കൈകളിൽ എത്തിയത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുള്ള നിമിഷമാണെന്നും സച്ചിൻ ബേബി പറഞ്ഞു. സച്ചിൻ ബേബിയുടെ പട രചിച്ചത് പുതു ചരിത്രമാണ്. 74 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്നത്.
സെമിയില്‍ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കേരളം കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ വിദര്‍ഭയെ വീഴ്ത്തുകയെന്നത് കേരളത്തെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യം തന്നെയാവും.
വിദര്‍ഭയുടെ തട്ടകമായ നാഗ്പൂരിലാണ് ഫൈനല്‍ മത്സരമെന്നതും കേരളത്തിന് വലിയ തലവേദന ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ പല വെല്ലുവിളികളേയും മറികടന്ന് ചരിത്ര കുതിപ്പാണ് ഇത്തവണ കേരളം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ കേരളത്തിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ.