സ്ട്രേഞ്ചർ തിങ്ങ്സ് എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെ ആഗോളശ്രദ്ധ നേടിയ ഹോളിവുഡ് താരം മില്ലി ബോബി ബ്രൗൺ, ചില മാധ്യമ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത 3 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് താരം താൻ നേരിട്ട അധിക്ഷേപം വെളിപ്പെടുത്തിയത്. 10 ആം വയസ്സിൽ സ്ട്രേഞ്ചർ തിങ്സിന്റെ ആദ്യ സീസണിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.“ലോകത്തിന്റെ മുന്നിലാണ് ഞാൻ വളർന്നത്, എന്നാൽ ചില ആളുകൾക്ക് എനിക്കൊപ്പം മാനസികമായി വളരാൻ കഴിഞ്ഞില്ല എന്ന് ഞാൻ മനസിലാക്കുന്നു. അവർ ആഗ്രഹിക്കുന്നത് സ്ട്രേഞ്ചർ തിങ്ങ്സ് ആദ്യ സീസണിലെ 10 വയസുകാരി കുട്ടി ആയി തന്നെ ഞാൻ ജീവിതകാലം മുഴുവൻ ഫ്രീസ് ആയി നിൽക്കണമെന്നാണ്. അതെനിക്ക് കഴിയില്ല എന്നത്കൊണ്ട് മാത്രം പലരും ഇപ്പോൾ എന്നെ ഉന്നം വെയ്ക്കുന്നു. ഈ മുതിർന്ന എഴുത്തുകാർ എന്റെ മുഖത്തെയും, ശരീരത്തെയും, ഇഷ്ട്ടങ്ങളെയും അപഗ്രഥിക്കാൻ ആണ് ഇപ്പോൾ സമയം മാറ്റി വെച്ചിരിക്കുന്നത്. അവരിൽ പലരും സ്ത്രീകളാണ് എന്നതാണ് കൂടുതൽ നിരാശാജനകം” മില്ലി ബോബി ബ്രൗൺ പറയുന്നു.അടുത്തിടെ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി ഇലക്ട്രിക്ക് സ്റ്റേറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പുരസ്കാര നിശകളിലേക്കും മറ്റും നടത്തിയ പ്രസ് ടൂറിൽ നടിയുടെ മേക്കപ്പ്, വസ്ത്രധാരണം, രൂപം എന്നിവയ്ക്കെതിരെ കടുത്ത ആക്ഷേപം ഉയർന്നിരുന്നു. 21 വയസ്സ് മാത്രം പ്രായമുള്ള നടിയ്ക്ക് ഉള്ളതിലും ഏറെ പ്രായം തോന്നിക്കുന്നു, അതിനു കാരണം നദിയുടെ വസ്ത്രധാരണം. മേക്കപ്പും ഹെയർ സ്റ്റൈലും ആണെന്നായിരുന്നു ചില മാധ്യമപ്രവർത്തകർ ആർട്ടിക്കിളുകളിൽ കുറിച്ചിരുന്നത്.
നിലവിൽ മില്ലി ബോബി ബ്രൗണിനെ അധിക്ഷേപിച്ചെഴുതിയ മാധ്യമപ്രവർത്തകരിൽ ഒരാളായ മാറ്റ് ലൂക്കസ് നടിയോട് മാപ്പ് ചോദിച്ചിരിക്കുകയാണ്. എമ്മി അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മില്ലി ബോബി ബ്രൗൺ. 13 ആം വയസ്സിൽ എമ്മി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട മില്ലി ബോബി ബ്രൗൺ, യൂണിസെഫ് ഗുഡ്വിൽ അംബാസിഡർ ആകുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും 14 ആം വയസിൽ കൈവരിച്ചു. ചർമ്മ സംരക്ഷണത്തിനും, മേക്കപ്പിനും ആയുള്ള കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പുറത്തിറക്കുന്ന ‘ഫ്ലോറൻസ് ബൈ മിൽസ്’ എന്നൊരു ബ്രാൻഡും സ്വന്തമായുള്ള മില്ലി ബോബി ബ്രൗൺ ‘ഇലവൻ’ എന്ന കഥാപാത്രത്തെ അവസാനമായി അവതരിപ്പിക്കുന്ന സ്ട്രേഞ്ചർ തിങ്സിന്റെ അഞ്ചാമത്തേയും അവസാനത്തെയും സീസൺ ഈ വർഷം പകുതിയോടെ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും.