‘മാര്‍ക്കോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് വൈകി വന്ന വിവേകം’: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. തീയറ്റർ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വയലൻസ് രംഗങ്ങൾ ചിലതെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു. വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെൻസർ ബോർഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാ ബാവാ പ്രതികരിച്ചു.മാർക്കോ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചിരുന്നു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷയും സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നുവെന്നാണ് വിലയിരുത്തൽ.

കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ‘മാര്‍ക്കോ’യ്ക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp