ചോദ്യപേപ്പർ ചോർച്ച; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടികൾ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസിന് നിർദ്ദേശം നൽകിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂർണ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.അതേസമയം,കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നത്. കേസിൽ ഒന്നാംപ്രതിയാണ് MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഷുഹൈബിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത.പ്രതി കീഴടങ്ങാനും സാധ്യതയുണ്ട്.കേസിൽ ഇന്നലെ അറസ്റ്റിലായ മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയും നേരത്തെ പിടിയിയിലായ എം എസ് സൊല്യൂഷൻസിലെ അധ്യാപകനും മഅ്ദിൻ സ്കൂളിലെ മുൻ പ്രധാനാധ്യാപകനുമായ ഫഹദിനെയും അന്വേഷണസംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇരുവരും ചേർന്നാണ് ചോദ്യപേപ്പർ ചോർത്തിയിരുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്യൂൺ അബ്ദുൽ നാസറിനെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സ്കൂൾ എല്ലാ പിന്തുണയും നൽകുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

അബ്ദുൽ നാസർ ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് ഫഹദിന് അയച്ചു നൽകുകയായിരുന്നു. ഇതാണ് യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചിരുന്നത്. MS സൊലൂഷൻസുമായി ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിലെ മറ്റൊരു പ്രതിയായ MS സൊലൂഷൻസിലെ അധ്യാപകൻ ജിഷ്ണു റിമാൻഡിലാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp