എ പത്മകുമാർ നിലപാട് വ്യക്തമാക്കിയശേഷം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം: കെ സുരേന്ദ്രൻ

സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.വീണ ജോർജിനെ സിപിഐഎം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനം അവസാനിക്കും മുമ്പേ പത്മകുമാർ വേദി വിട്ടിരുന്നു. തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി പത്മകുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏറെ ചർച്ചയായി. പിന്നീട് കുറിപ്പ് തിരുത്തിയെങ്കിലും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ മുതിർന്ന നേതാവായ എ പത്മകുമാർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി. ഇതിനോടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ പ്രാധിനിത്യം കുറഞ്ഞതിനെ കെ സുരേന്ദ്രൻ വിമർശിച്ചു. പട്ടികജാതി വിഭാഗത്തിൽനിന്ന് ഒരാൾ പോലും ഇല്ലെന്നും വിമർശനം. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ കെ സുരേന്ദ്രൻ തയാറായില്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പ് ആയിരുന്നു പ്രതികരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp