സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്താൻ, ചെച്‌നിയ എന്നിവിടങ്ങൾ ടെലഗ്രാം ആപ്പ് നിരോധിച്ചു. ശത്രുക്കൾ രാജ്യത്തിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ടെലഗ്രാം ഉപയോഗിക്കുമെന്ന് ഭയന്നാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബറിൽ ഡാഗെസ്താനിലെ മഖച്കല വിമാനത്താവളത്തിൽ നടന്ന ഇസ്രായേൽ വിരുദ്ധ കലാപത്തിൽ ടെലഗ്രാം വലിയ പങ്കുവഹിച്ചിരുന്നു. ഇസ്രായേലിൽ നിന്നുള്ള വിമാനം എത്തിയെന്ന വാർത്ത പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സംഭവത്തിൽ നിരവധി പേരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടെലഗ്രാമിനെതിരെ അധികൃതർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാമിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. റഷ്യ, യുക്രൈൻ, മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ എന്നിവിടങ്ങളിൽ ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു. ഉപയോക്തൃ സ്വകാര്യതയെക്കുറിച്ചുള്ള ടെലഗ്രാമിൻ്റെ നിലപാടുകൾ കാരണം, അതിൻ്റെ സെർവറുകളിൽ എന്തൊക്കെ നടക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.ടെലഗ്രാമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. ആപ്പിലെ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നിലവിൽ ഫ്രാൻസിൽ ഔപചാരിക അന്വേഷണം നേരിടുകയാണ് പാവേൽ ദുറോവ് . റഷ്യയിൽ നടന്ന ആപ്പിന്റെ നിരോധനങ്ങളെക്കുറിച്ച് ടെലഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp