കേരളത്തിൽ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പ്.ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക.
11 മുതൽ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.